മഴക്കാലമായതോടെ ജനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവുമായി കെഎസ്ഇബി. ഫെയ്‌സ് ബുക്കിലാണ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പങ്കുവച്ചത്. പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.
വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ തികഞ്ഞ ശ്രദ്ധ വേണമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങളും കെഎസ്ഇബി അധികൃതരെ അറിയിക്കണമെന്നും ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച സന്ദേശത്തില്‍ പറയുന്നു.
സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധ വേണം. സര്‍വ്വീസ് വയര്‍ ലോഹഷീറ്റിന് മുകളിലോ, ലോഹത്തൂണിലോ തട്ടിക്കിടക്കുകയോ തുടങ്ങിയ സാഹചര്യത്തില്‍ വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അതേസമയം പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കില്ലെന്നും പിന്നെ എന്തിനാണ് ആളുകളെ പറ്റിക്കുന്നതെന്നുമാണ് പ്രതികരണങ്ങള്‍. നിങ്ങുടെ ബില്ല് ന്റെ അത്രക്ക് ഷോക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാധിത്തമില്ലെന്നും തുടങ്ങി നിരവധിയാണ് കമന്റുകള്‍.
അതേസമയം സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നവരും നിരവധിയാണ്. ചിലര്‍ ഫോട്ടോകളും വീഡിയോകളും കമന്റായി പങ്കുവച്ച് പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്.
ഫെയ്‌സ് ബുക്ക് പോസ്റ്റ് വയറലായതോടെ കമന്റ് ബോക്‌സ് ഇനിയും നിറയാന്‍ സാധ്യതയുണ്ട്. പ്രതിഷേധള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ മഴക്കാലത്ത് വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.
വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കാം. അല്ലെങ്കില്‍ 1912 എന്ന നമ്പറിലോ 9496001912 എന്ന നമ്പരില്‍ വാട്‌സ്ആപ് ചെയ്യുന്നതിനും പൊതുജനങ്ങള്‍ക്ക് സാധിക്കും.