കൊച്ചി: എറണാകുളം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് പരീതിനെതിരെ നടപടിയെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കി എന്നതിനാണ് ബൈജുവിനെ സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് രണ്ടുപേർക്കെതിരെയും വകുപ്പു തല അന്വേഷണവുമുണ്ട്.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് പരീതിനെ രാമമംഗലം പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് മഫ്‌തിയിലെത്തിയ പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.