വിവാദ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡേ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവ്‌സേനാ ഷിന്‍ഡേ വിഭാഗം സ്ഥാനാര്‍ത്ഥിയായേക്കും. കൈക്കൂലിക്കേസടക്കമുള്ള വിവാദങ്ങളില്‍ അന്വേഷണം നേരിട്ട വാങ്കഡേ നാര്‍ക്കോട്ടിക്ക് ബ്യൂറോ മുന്‍ ഡയറക്ടറാണ്.
തനിക്കെതിരായ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെങ്കിലും വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സമീര്‍ വാങ്കഡേ. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം ശിവ്‌സേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന.
ഏത് മണ്ഡലത്തില്‍നിന്നും മത്സരിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ധാരാവി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ധാരാവി മണ്ഡലം കോണ്‍ഗ്രസിന്റെ കുത്തകയായതിനാലും അവസാനതെരഞ്ഞടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ശിവ്‌സേന പിളര്‍ന്നതിനാലും മികച്ച രീതിയില്‍ പ്രചരണം കാഴ്ചവെച്ചാല്‍ മാത്രമേ ഷിന്‍ഡേ വിഭാഗത്തിന് ജയിക്കാനാകു എന്നതും ഒഴിവാക്കാനാകാത്ത വസ്തുതയാണ്.
നവംബര്‍ 20നാണ് മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞടുപ്പ്. 2021ല്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കോര്‍ഡെലിയ ക്രൂയിസ് ലഹരിവേട്ടയ്ക്ക് നേതൃത്വം നല്‍കിയത് സമീര്‍ വാങ്കഡേയായിരുന്നു. എന്നാല്‍ പിന്നീട് കേസില്‍ നിന്നും ആര്യന്‍ ഖാനെ ഒഴിവാക്കുന്നതിനായി ഷാരൂഖ് ഖാനോട് 25കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ വാങ്കഡേയെ നാര്‍ക്കോട്ടിക്ക് ബ്യൂറോ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും വാങ്കഡേയെക്കെതിരെ അഴിമതിക്കേസ് ഫയല്‍ ചെയ്ത് സിബിഐ അന്വേഷണത്തിനും വിധേയനാക്കിയിരുന്നു.