ന്യൂഡൽഹി: ഇന്ത്യയിൽ സ്വവർഗ ലൈംഗികതയ്ക്ക് നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. അതേസമയം, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ 3–2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. ഇതിൽ ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന കാര്യത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാലു വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആമുഖമായി വ്യക്തമാക്കിയിരുന്നു. ഇതിൽ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടെന്നും അദ്ദേഹം ആദ്യമേ വിശദീകരിച്ചു. അതേസമയം, നിയമനിർമാണത്തിലേക്കു കടക്കാൻ കോടതിക്ക് കഴിയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പാർലമെന്റാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.