തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ സാഹചര്യത്തിലാണ് സർക്കാർ നടപടി. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരമാണ് നടപടി. ലക്ഷ്മൺ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തി. കർശന നടപടി വേണമെന്നും ഡി.ജി.പി ശുപാർശ ചെയ്തു.
ലക്ഷ്മണനെതിരെ 2 വീഡിയോകളാണ് പരാതിക്കാരൻ തെളിവായി സമർപ്പിച്ചത്. ഇതിലൂടെ മോൻസൺ മാവുങ്കലുമായി ചേർന്ന് ഐജി ലക്ഷ്മൺ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞു. സേനയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഐജി ലക്ഷ്മണിന് വീഴ്ച സംഭവിച്ചുവെന്ന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെന്റ് ചെയ്തത്.
ആന്ധ്ര സ്വദേശികളുമായുള്ള മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്‍റെ പുരാവസ്തുക്കൾ ലക്ഷ്മൺ വില്പന നടത്താൻ ശ്രമിച്ചതിന്‍റെയും വിവരങ്ങൾ പുറത്തു വന്നിരുന്നു.