ബംഗളുരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ രാഷ്ട്രീയ നേതാക്കൾ എത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.
കേരളത്തില്‍ നിന്ന് ബെന്നി ബഹന്നാന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും ബംഗളുരുവില്‍ എത്തി.
ഉമ്മൻ ചാണ്ടിയുടെ ഭാര്യയെയും ബന്ധുക്കളെയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആശ്വസിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുര്‍ ഖാര്‍ഗെയ്ക്ക് ഉമ്മൻ ചാണ്ടിയെ കണ്ടതോടെ നിറക്കണ്ണുകളായി. രാജ്യത്തിന് വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയെന്ന് ഖാര്‍ഗെ അനുസ്മരിച്ചു. മികച്ച ഭരണാധികാരിയായ ഉമ്മന്‍ചാണ്ടി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദീര്‍ഘകാലം നയിച്ചു. വളരെ ദുഃഖമുണ്ട് അദ്ദേഹത്തിന്റെ വിയോഗത്തിലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. കേരളത്തിന്റെ ആത്മാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.