കോട്ടയം: വൈദ്യുത പോസ്റ്റുകള്‍ ഉപയോഗിക്കുന്നതില്‍ രാജ്യത്തെ ടെലികോം ദാതാക്കള്‍ക്ക് നല്‍കിയ ആനുകൂല്യം കേബിള്‍ ടിവിയ്ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹനാണ് കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയത്.
രാജ്യത്തെ ടെലികോം സേവന ദാതാക്കള്‍ക്ക് ഫൈബര്‍ വലിക്കാന്‍ നൂറു രൂപാ നിരക്കിലാണ് വൈദ്യുത പോസ്റ്റുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയിരിക്കുന്നത്. ഈ അനുകൂല്യം ചെറുകിട കേബിള്‍ ടിവി മേഖലയ്ക്ക് കൂടി ലഭ്യമാക്കണമെന്നാണ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. നഗര, ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കി രാജ്യത്തെ സാങ്കേതിക വളര്‍ച്ചയ്ക്ക് കുതിപ്പു പകരുന്ന കേബിള്‍ ടി വി മേഖലയ്ക്ക് കൂടി ഈ ആനുകൂല്യം നല്‍കണമെന്ന് സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പറഞ്ഞു.
ടെലികോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. ടെലികോം മന്ത്രി അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേബിള്‍ ടിവി ഓപ്പറേറ്റ്‌ഴ്‌സ് അസോസിയേഷന്‍.