ചേലക്കര ,പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വനായി. ഒരു പിടി നേതാക്കൾ രംഗത്ത്.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കരുതെന്ന് ഒരുവിഭാഗം നേതാക്കൾ.
പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ വേണം എന്നാണ് ഷാഫി പറമ്പിലിൻ്റെ നിലപാട്. പത്തനംതിട്ട സ്വദേശിയായ രാഹുലിന് ബി.ജെ.പിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ എത്രത്തോളം ശോഭിക്കാൻ കഴിയുമെന്ന ആശങ്കയാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കൾക്കുള്ളത്.
കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം, കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി. സരിൻ എന്നിവരൊളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഹൈക്കമാൻ്റിനെ അറിയിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം സരിൻ ഡൽഹിയിലെത്തിയിരുന്നു.
എന്നാൽ രാഹുൽ മാങ്കൂട്ടമല്ലാതെ മറ്റൊരാളെ പരിഗണിക്കരുതെന്നാണ് ഷാഫി പറമ്പിലിൻ്റെ ആവശ്യം. ഈ വിഷയത്തിൽ ഹൈക്കമാൻ്റ് ആരുടെ കൂടെ നിൽക്കും എന്നതാണ് പ്രധാനം. ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിനെ ചേലക്കരയിൽ മത്സരിപ്പിക്കാൻ ഒരു വിഭാഗത്തിന് താത്പര്യമുണ്ട്.
എന്നാൽ രമ്യക്കെതിരെ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ദളിത് കോൺഗ്രസ് നേതാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്ന സി.സി ശ്രീകുമാറിനും വീണ്ടും മത്സരിക്കാൻ താത്പര്യമുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വൈശാഖ് എസ്. ദർശനും സീറ്റിൽ നോട്ടമുണ്ട്. കെ.സി.വേണുഗോപാൽ പക്ഷക്കാരനായ വൈശാഖ് സീറ്റിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്.സി.പി.എം ശക്തികേന്ദ്രമായ ചേലക്കരയിൽ മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ ജയിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ.