സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.