സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി ബില്ലിനൊപ്പം മീറ്റർ വാടകയിനത്തിൽ പിരിച്ചെടുക്കുന്നത് കോടികളെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.വൈദ്യുതി നിരക്ക് ഉയർത്താൻ സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുമ്പോൾ മീറ്റർ വാടകയിലെ കൊള്ള ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
സംസ്ഥാനത്ത് മീറ്റർ വാടക ഈടാക്കാൻ തുടങ്ങിയത് 2002 മുതലാണെന്നാണ് ബോർഡ് പറയുന്നത്. ഉപഭോക്താക്കൾ പണം നൽകി പുറമെ നിന്നും വാങ്ങി സ്ഥാപിക്കുന്ന മീറ്ററുകള്‍ക്കും കെ.എസ്.ഇ.ബി വാടക പിരിക്കുന്നുണ്ട്.ഇതേ കുറിച്ച് ഉപഭോക്താക്കള്‍ പരാതിപ്പെടുമ്പോൾ വൈദ്യുതി ബോർഡ് സ്ഥാപിക്കുന്ന മീറ്ററുകള്‍ക്കു മാത്രമേ വാടക ഈടാക്കാറുള്ളൂ എന്നാണ് ബോർഡിന്റെ വിശദീകരണം.
14 വർഷത്തിനിടെ മീറ്റർ വാടകയിനത്തില്‍ 1532 കോടി രൂപ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി .വൈദ്യുതി ചാർജിനൊപ്പം ഡ്യൂട്ടി, ഫ്യൂവല്‍ സർച്ചാർജ്, ഫിക്സഡ് ചാർജ് എന്നിവയ്ക്കൊപ്പമാണ് മീറ്റർ വാടകയിനത്തിലുള്ള പിരിവ്. വാടക തുകയിന്മേല്‍ ജി.എസ്.ടിയും ഈടാക്കുന്നുണ്ട്. മീറ്റർ വാടകയുടെ പേരിൽ നടക്കുന്ന കൊള്ള അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.