Share this Article
സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണം; ഹൈക്കോടതിയെ സമീപിച്ച് വിനയന്‍
വെബ് ടീം
posted on 12-09-2024
1 min read
VINAYAN

കൊച്ചി: തന്റെ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ശിക്ഷിച്ച ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ ഹൈക്കോടതിയെ സമീപിച്ചു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് ആവശ്യം.

നയരൂപീകരണ സമിതിയില്‍ ഉണ്ണികൃഷ്ണന്റെ പേര് ഉള്‍പ്പെട്ടതില്‍ വിനയന്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ശിക്ഷിച്ചയാളാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും നയരൂപീകരണ സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞു.തൊഴില്‍ നിഷേധത്തിനാണു കോംപറ്റീഷന്‍ കമ്മീഷന്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതുമെന്നും വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞു. ഈ തൊഴില്‍ നിഷേധത്തെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൊഴില്‍ നിഷേധിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബി.ഉണ്ണികൃഷ്ണനെതിരെ കണ്ടെത്തലുകളുണ്ടെന്നും വിനയന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ബി.ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്തിക്കു പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം,സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories