മരതകദ്വീപാകെ ചുവന്നിരിക്കുകയാണ്. ശ്രീലങ്കയില്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യ സ്ഥാനാര്‍ത്ഥി അനുരകുമാര ദിസനായകെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാംഘട്ടത്തിലാണ് ദിസനായക ജയിച്ചത്.
ശ്രീലങ്ക രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ചുവന്നിരിക്കുകയാണ്. ഇടതുപക്ഷക്കാരനായ ആദ്യ പ്രസിഡന്റെന്നുകൂടിയാണ് അനുര കുമാര ദിസനായകയെന്ന പേര് ഇനി ലങ്കന്‍ രാഷ്ട്രീയത്തിലടയാളപ്പെടുത്തുക.
ഇതാദ്യമായാണ് ഇടതുപക്ഷ സഖ്യം അധികാരത്തിലെത്തുന്നതും. ദുര്‍ബലമായ രാഷ്ട്രീയ ഭൂമികയിലേക്കാണ് ചുവപ്പിന്റെ ചെറുത്തുനില്‍പ്പുമായി അനുര കുമാര ദിസനായക വിജയിച്ചുവരുന്നത്. കുടുംബവാഴ്ചയില്‍ ആകെയുലഞ്ഞ ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക.
മാറി മാറി ഭരിച്ച രജപക്‌സെ കുടുംബവും ഭണ്ഡാരനായകെ കുടുംബവും ബാക്കിയാക്കിയ യാതനകളിലാണ് ശ്രീ ഒഴിഞ്ഞ ശ്രീ ലങ്ക.
പരമ്പാരഗത രാഷ്ട്രീയ ഘടനയില്‍ തളര്‍ന്ന ജനതയ്ക്ക് പ്രതീക്ഷയാണ് ദിസനായകയെന്ന പേര്‍. ജനതാ വിമുക്തി പെരമുനയാണ് ദിസനായകയുടെ രാഷ്ട്രീയ കളിത്തട്ട്.
തമ്പുട്ടേഗമയിലെ ഒരു തൊഴിലാളിവര്‍ഗ കുടുംബത്തില്‍ ജനിച്ച ദിസനായകെ കമ്മ്യൂണിസത്തിലുറച്ച വിദ്യാര്‍ത്ഥി നേതാവായാണ് തുടക്കം. 2
000ല്‍ ചന്ദ്രിക കുമാരതുംഗയുടെ സര്‍ക്കാറില്‍ മന്ത്രിയായി. 2022ല്‍ ഗോട്ടബയ രജപക്‌സെ സര്‍ക്കാരിനെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചത് ദിസനായകയുടെ നേതൃത്വത്തിലുള്ള അരഗലയ മൂവ്‌മെന്റാണ്.
അഴിമതി തുടച്ചുനീക്കും, സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കും, ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കും തുടങ്ങി ശ്രീലങ്കയുടെ ശീലിച്ചുവന്ന നയങ്ങളില്‍ നിന്നും വ്യതിചലിച്ചുള്ള വാഗ്ദാനങ്ങളാണ് ദിസനായകെ ശ്രീലങ്കന്‍ ജനതയ്ക്ക് നല്‍കിയിട്ടുള്ളത്.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കലുഷിതമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല ലങ്ക. അതിനാല്‍ പുതിയ ഭരണകൂടത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല.
രാജ്യത്തെ ആകെ 22 ജില്ലകളില്‍ 15ലും മുന്നിട്ടു നിന്ന് അധികാരത്തിലേറിയ ദിസനായക പ്രതീക്ഷയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവസമ്പത്തും താഴെ തട്ടിലിറങ്ങിയ ജനസേവനവുമാണ് ദിസനായകെയുടെ പാരമ്പര്യം.
കഴുത്തറ്റം കടത്തില്‍ മുങ്ങിയ, ചൈനയുടെ കടതന്ത്രത്തില്‍ കുരുങ്ങിയ മരതകദ്വീപിനെ എങ്ങനെ രക്ഷിച്ചെടുക്കും കമ്മ്യൂണിസ്റ്റ് ഭരണമെന്ന് കാത്തിരിന്നു കാണാം.