Share this Article
Flipkart ads
രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ല; പിണറായി വിജയൻ
 Pinarayi Vijayan speech

രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. പൗരാവകാശങ്ങളുടെ അടിസ്ഥാനമായ ഭരണഘടന തകര്‍ക്കാന്‍  അനിവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൗരവാകാശ സമ്മേളനം തൃശ്ശൂർ ആമ്പല്ലൂരിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി..

രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. സംഘ്പരിവാറിന്റെ ഗുണ്ടാ സ്‌ക്വാഡുകള്‍ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുകയാണ്. സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തു.സ്വതന്ത്രമായി അഭിപ്രായം പറയുന്ന മാധ്യമസ്ഥാപനങ്ങള്‍ വേട്ടയാടപ്പെടുന്നു.

എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുയോ തള്ളിപ്പറയാനോ ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ല. രാജ്യത്ത് വര്‍ഗീയത പടര്‍ത്താനും വിഭജനം ഉണ്ടാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ അജ്മീര്‍ ദര്‍ഗയുടെ മേല്‍ അവകാശം ഉന്നയിക്കുന്നു. ഇത്തരം ആവശ്യങ്ങള്‍ വിഭജനം ലക്ഷ്യംവെച്ചുള്ളതാണ്. അതില്ലാതാക്കാന്‍ സഹായിക്കുന്നതാണ് 1991ലെ ആരാധനാലയ സംരക്ഷണനിയമം.ഈ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ചെറുക്കണം.

വഖഫ് നിയമഭേദഗതി കൊണ്ടുവരുന്നതും വര്‍ഗീയ ലക്ഷ്യത്തോടെയാണ്. ഇപ്പോള്‍ മദ്‌റസകളുടെ നേരെയും തിരിയുകയാണ്. പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും രാജ്യത്ത് വര്‍ഗീയ അക്രമങ്ങളും പൗരാവകാശ ലംഘനങ്ങളും നടക്കുന്നുണ്ട്. സംഘ്പരിവാറിന്റെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം മുസ്ലിംകള്‍ക്കെതിരെ മാത്രമാണെന്നു ചിലര്‍ കരുതുന്നുണ്ട്.

എന്നാല്‍ ക്രിസ്തീയവിശ്വാസികള്‍ക്കെതിരെ രാജ്യത്തിന്റെ പലയിടത്തും അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. മണിപ്പൂരില്‍ ഒരു വര്‍ഷമായിട്ടും അക്രമം ഇല്ലാതാക്കാന്‍ സാധിച്ചിച്ചിട്ടില്ല. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ ഹാരിസ് ബീരാന്‍ എം പി, കെ കെ രാമചന്ദ്രന്‍ എം എല്‍ എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories