മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ റെയില്‍വേയ്ക്ക് പ്രത്യേക പരിഗണന നല്‍കിയേക്കും. സുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഊന്നല്‍ നല്‍കുക. ഈ മാസം 23നാണ് ബജറ്റ് അവതരണം.
ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉണ്ടാവുക. അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ക്കൊപ്പം ജീവനക്കാരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.
അതിവേഗ ഇടനാഴി, മെട്രോ ശൃഖല, എന്നിവയുടെ വിപുലീകരണത്തിന് പ്രത്യേക പരിഗണന നല്‍കാനും സാധ്യതയുണ്ട്. പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകള്‍, സിഗ്നലിങ് സംവിധാനങ്ങളില്‍ സാങ്കേതിക നവികരണത്തിനാവശ്യമായ പദ്ധതികള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഇവയ്‌ക്കെല്ലാം ബജറ്റില്‍ പ്രാധാന്യം നല്‍കിയേക്കും.
അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 10,000 എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. ഇതും ബജറ്റില്‍ വരാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ റെയില്‍വേയ്ക്കായി 2.52 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2.41 ലക്ഷം കോടിയായിരുന്നു. തുടര്‍ച്ചയായുണ്ടായ ട്രെയിന്‍ അപകടങ്ങളില്‍ റെയില്‍വേ മന്ത്രാലയത്തിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശം ഉന്നയിക്കുന്ന സാഹചര്യത്തില്‍ പുതിയ ബജറ്റിലെ വിഹിതത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.