തിരുവനന്തപുരം: ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് എന്തൊക്കെയോ ഉണ്ടാകില്ലെന്നു പ്രചാരണം നടത്തി. അക്കൂട്ടർക്ക് നാണമില്ലെന്നും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ലെന്നു പറഞ്ഞതെല്ലാം സർക്കാര്‍ യാഥാർഥ്യമാക്കുകയാണ്. സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമെന്നു ചിലർ പ്രചരിപ്പിച്ചു. വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെയാണ്. സർക്കാരിന്റെ വിപണി ഇടപെടലാണ് വിലക്കയറ്റത്തെ പിടിച്ചു നിർത്തുന്നത്. ചിലർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും തെറ്റായ പ്രചരണങ്ങൾ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിച്ചു എന്നതിൻറെ ഉത്തമ ദൃഷ്ടാന്തമാണ് എൽഡിഎഫ് സർക്കാരിനു തുടർ ഭരണം ലഭിച്ചത്. പ്രചാരണങ്ങൾ അനുസരിച്ചായിരുന്നെങ്കിൽ എൽഡിഎഫിനു വിരലിലെണ്ണാവുന്ന സീറ്റ് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. സർക്കാരിനെക്കുറിച്ച് ബോധപൂർവ്വം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അതെല്ലാം തെറ്റാണെന്ന പൂർണ ബോധ്യം മഹാഭൂരിപക്ഷം ജനത്തിനും ഉള്ളതുകൊണ്ടാണ് നേരത്തെ ഉള്ളതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നൽകി എൽഡിഎഫിനെ വിജയിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെല്ല് സംഭരണത്തിന്റെ കുടിശിക 26ന് മുൻപ് കൊടുത്തു തീർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബാങ്കുകളിൽ നിന്നു പണം ലഭിക്കുന്നില്ലെങ്കിൽ സർക്കാർ നേരിട്ട് പണം നൽകും. 150 കോടിയോളം രൂപയാണ് കുടിശിക തീർക്കാൻ വേണ്ടത്. ബാങ്കുകളുമായി ചീഫ് സെക്രട്ടറി ഒരിക്കൽ കൂടി ചർച്ച നടത്തും. പണം ലഭിക്കാത്തപക്ഷം കുടിശിക തുക സർക്കാർ നേരിട്ട് നൽകും.