Share this Article
image
കൊണോട്ട്‌പ്ലേസിൽ കുടുങ്ങി, ടാക്സിക്ക് കൊടുക്കാൻ 500 രൂപ ചോദിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം, കേസ്
വെബ് ടീം
posted on 28-08-2024
1 min read
CJI FAKE ACCOUNT

ന്യൂഡൽഹി: സൈബർ ഇടങ്ങളിലും ഓൺലൈനിലും തട്ടിപ്പുകൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്.രാജ്യത്തെയും സംസ്ഥാനത്തെയും  പല പ്രമുഖരുടെ പേരുകളിൽ പോലും വ്യാജ സോഷ്യൽമീഡിയ അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഇപ്പോൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാധാരണക്കാരും പൊതുപ്രവർത്തകരും പൊലീസ് ഉദ്യോ​ഗസ്ഥരും ജില്ലാ കലക്ടർമാരും മുതൽ സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി വരെയുള്ളവരുടെ പേരുകളിൽ ഇത്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്.  ഇപ്പോഴിതാ, സാക്ഷാൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ വരെ വ്യാജ അക്കൗണ്ടുണ്ടാക്കി പണം കൈക്കലാക്കാനുള്ള ശ്രമം നടന്നിരിക്കുന്നു.

ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡിന്റെ പേരിൽ സമൂഹമാധ്യമമായ എക്‌സിൽ വ്യാജ അക്കൗണ്ടുണ്ടാക്കി 500 രൂപ കടം ചോദിച്ചാണ് സന്ദേശം അയച്ചത്. കൈലാഷ്‌ മേഘ്‌വാൾ എന്നയാൾക്കാണ്‌ സന്ദേശം ലഭിച്ചത്‌.‘ഞാൻ സുപ്രിംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡാണ്‌. കൊളീജിയത്തിന്റെ അടിയന്തര യോഗത്തിനായി വന്നതാണ്‌. ഇവിടെ കൊണോട്ട്‌പ്ലേസിൽ കുടുങ്ങിപ്പോയി. ടാക്‌സിക്ക്‌ കൊടുക്കാൻ 500 രൂപ അയച്ചുതരാമോ?. കോടതിയിൽ തിരിച്ചെത്തിയാൽ ഉടനെ മടക്കിതരാം’– എന്നായിരുന്നു സന്ദേശം.

ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സുപ്രിംകോടതി അധികൃതർ പൊലീസിൽ പരാതി നൽകി. പരാതിയിൽ ഡൽഹി പൊലീസ് സൈബർ ക്രൈം വിഭാഗം കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories