Share this Article
image
ആനകളും ജനങ്ങളും തമ്മിൽ എട്ട് മീറ്റർ അകലം, ബാരിക്കേഡ്'; തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; കർശനവും വിശദവുമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി
വെബ് ടീം
6 hours 9 Minutes Ago
1 min read
ELEPHANT

കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശനവും വിശദവുമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ഉത്തരവിലുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

ഹൈക്കോടതിയുടെ പ്രധാന നിർദേശങ്ങൾ ഇവയാണ്:

എഴുന്നള്ളത്തിന് ഒരു മാസം മുൻപ് ബന്ധപ്പെട്ടവർ ജില്ലാതല സമിതിക്ക് അപേക്ഷ നൽകണം. ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉൾപ്പടെയുള്ള വിശദാംശങ്ങളും അപേക്ഷയിൽ വ്യക്തമാക്കണം.

രണ്ട് ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം.

പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്. ആനകളെ നിർത്തുമ്പോൾ മേൽക്കൂരയും തണലും ഉറപ്പാക്കണം.

ആനകളെ സ്വകാര്യ ഡോക്ടർമാർ പരിശോധിച്ച സർട്ടിഫിക്കറ്റ് സ്വീകരിക്കരുതെന്നും സർക്കാർ വെറ്റിനറി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാൽ മതിയെന്നും ജില്ലാതല സമിതികൾക്ക് നിർദേശം.

125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ ആറ് മണിക്കൂറിലധികം തുടർച്ചയായി യാത്ര ചെയ്യിപ്പിക്കാനോ പാടില്ല.

ആനയെ കൊണ്ടുപോകുന്ന വാഹനങ്ങൾ മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേ​ഗത്തിൽ സഞ്ചരിക്കാൻ പാടില്ല. ഇതിന് സ്പീഡ് ​ഗവർണർ വേണം. മോട്ടോർ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം.

ഒന്നിൽ കൂടുതൽ എഴുന്നള്ളത്തുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളത്തിന് 10ദിവസം മുൻപത്തേയും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകൾ പരിശോധിക്കണം.

രാവിലെ ഒൻപതിനും വൈകീട്ട് അഞ്ചിനും ഇടയിൽ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. ഇതേ സമയങ്ങളിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോകാനും പാടില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories