ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീംലീഗ്. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞതാണെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഭരണഘടന വിരുദ്ധമായ സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഭരണഘടന ഏകസിവില്‍കോഡിനെ അംഗീകരിക്കുന്നില്ല. അത് മറികടന്ന് നിയമ നടപ്പാക്കാനുള്ള നീക്കം വലിയ പ്രത്യാഘതങ്ങള്‍ ഉണ്ടാകുമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുകയാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ അടിയന്തര രാഷ്ട്രീയകാര്യസമിതി യോഗത്തിന് സംസാരിക്കുകായിരുന്നു ഇരുവരും.
അതേസമയം, ഏക സിവിൽ കോഡിന്റെ കരട് രൂപം പോലും തയ്യാറാക്കും മുമ്പ് അതിനെതിരെ രംഗത്ത് വരുന്നവർക്ക് ദുരുദ്ദേശമാണ് ഉള്ളതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഏക സിവിൽ കോഡ് എല്ലാ വിഭാഗം ജനങ്ങൾക്കും അനുകൂലമായി ബാധിക്കുന്നതായിരിക്കും.
എല്ലാ മതവിശ്വാസികളുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ട് എല്ലാവർക്കും സ്വീകാര്യമായ രീതിയിലായിരിക്കും അത് നടപ്പിലാക്കുക. എല്ലാവരുടെയും പരാതികൾ പരിശോധിക്കാൻ കേന്ദ്രം തയ്യാറാണ്. അതിനെ എതിർക്കുന്നവരുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും കരടുരൂപം ഉണ്ടാക്കുകയെന്നും കൃഷ്ണദാസ് കോഴിക്കോട് കേരള വിഷൻ ന്യൂസിനോട് പറഞ്ഞു.