പാചക വിഡിയോ ചിത്രീകരിക്കുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്. മിക്‌സിയുടെ ബ്ലേഡ് കയ്യില്‍തട്ടി വലത് കയ്യിലെ അഞ്ച് വിരലുകളും മുറിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് ആരാധകരോട് വിവരം പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള കുക്കിങ് വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പച്ചമാങ്ങ രസം ഉണ്ടാക്കുകയായിരുന്നു അഭിരാചി. വേവിച്ച പച്ചമാങ്ങ മിക്‌സിയില്‍ ഇട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.
അപകടശേഷം പത്ത് മിനിറ്റോളം എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഒരു ബോധവുമുണ്ടായിരുന്നില്ല. തലകറങ്ങുന്നതുപോലെയും ഛര്‍ദിക്കാന്‍ വരുന്നതുപോലെയുമായിരുന്നു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നുമാണ് ഗായിക പറയുന്നത്.
താന്‍ കുക്കിങ് ചെയ്യാന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമായിട്ടാണെന്നും താരം പറഞ്ഞു. ഇത് കാരണം താന്‍ കുക്കിങ് അവസാനിപ്പിക്കുമെന്ന് കരുതേണ്ട. കുറച്ചുനാളത്തെ വിശ്രമത്തിനു ശേഷം താന്‍ തിരിച്ചുവരുമെന്നും അഭിരാമി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വിശ്രമത്തിലാണ്. തനിക്ക് വലിയ പ്രശ്‌നങ്ങളില്ലെന്നും പേടിക്കേണ്ടതില്ലെന്നും അഭിരാമി പറഞ്ഞു.