ഏക വ്യക്തി നിയമത്തിനെതിരായ സെമിനാറിന്റെ ഗൗരവം കണ്ടു കൊണ്ടാണ് മുസ്‌ലിം ലീഗിനെ ക്ഷണിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ലീഗിന് സ്വാതന്ത്ര്യമുണ്ട്. അയ്യോ പോകരുതേ എന്ന് കരയുകയായിരുന്നു ചില കോൺഗ്രസ് നേതാക്കൾ . മഴയ്ക്ക് പുറമേ കോൺഗ്രസ് നേതാക്കളുടെ കണ്ണീര് കൊണ്ട് വെള്ളപ്പൊക്കമുണ്ടാകും എന്ന സ്ഥിതിയായിരുന്നെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു.
ഏക വ്യക്തി നിയമത്തിൽ കോൺഗ്രസിന് ഒരു നിലപാടില്ല. യു.ഡി.എഫിനൊപ്പം നിന്ന ചില ജനവിഭാഗങ്ങൾക്ക് അതിൽ കടുത്ത അതൃപ്തിയുണ്ട്. അവർ സി പി എം നിലപാടിനൊപ്പം നിൽക്കും. കെ പി സി സി പ്രസിഡന്റ് പറഞ്ഞത് ഹൈക്കമാൻഡ് അനുമതി വേണമെന്നാണ്.
കെ സുധാകരൻ ആർ എസ് എസ് ശാഖയ്ക്ക് കാവൽ നിന്ന കാര്യം പറഞ്ഞത് ഹൈക്കമാൻഡ് അനുമതിയോടെയായിരുന്നോ. രാഷ്ട്രീയം ഇന്ന് കൊണ്ട് അവസാനിക്കുന്ന വിഷയമല്ലല്ലോ എന്നും മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.