മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ആദ്യ അറസ്റ്റ് നടന്നതായും സമഗ്ര അന്വേഷണം നടത്തുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു.
മെയ് നാലിന് തൗബാലിലാണ് സംഭവം അരങ്ങേറിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ ബീരേന്‍ സിംഗുമായി ഫോണില്‍ സംസാരിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം മണിപ്പൂരിലെ അക്രമങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും അക്രമങ്ങളില്‍ രാജ്യമാണ് അപമാനിക്കപ്പെടുന്നതെന്നും പറഞ്ഞു. കലാപം ആരംഭിച്ച് 80 ദിവസത്തിനു ശേഷമാണ് മോദിയുടെ പ്രതികരണം. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ഒരാഴ്ചക്കകം വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.