Share this Article
ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം നീട്ടിക്കൊണ്ടുപോയതിന് കാരണമില്ല; വിമർശിച്ച് സുപ്രീം കോടതി
വെബ് ടീം
posted on 28-11-2023
1 min read
SC AGAINST KERALA GOVERNOR ARIF MUHAMMED KHAN

ന്യൂഡല്‍ഹി: നിയമസസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോയതിന് കാരണമൊന്നും കാണുന്നില്ലെന്ന് സുപ്രീം കോടതി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ ഇച്ഛയ്ക്കു വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരളം നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം.

എട്ടു ബില്ലുകളില്‍ ഏഴെണ്ണം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയതായി, ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കടരമണി കോടതിയെ അറിയിച്ചു. ഒരു ബില്ലിന് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. 

കേസ് കോടതിയുടെ മുന്നില്‍ എത്തിയതിനു ശേഷമാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്ന് നിരീക്ഷിച്ച, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഹര്‍ജിയില്‍ ഉന്നയിച്ച വിഷയം തീര്‍പ്പായതായി ചൂണ്ടിക്കാട്ടി. അതേസമയം ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കായി മാര്‍ഗ നിര്‍ദേശം കൊണ്ടുവരണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് വിശദമായി പരിശോധിക്കേണ്ടതാണെന്നും ഈ ഹര്‍ജിയുടെ പരിധിയില്‍ വരില്ലെന്നും കോടതി പ്രതികരിച്ചു. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories