വിവാദ ഫോൺ വിളിയിൽ എസ്പി സുജിത് ദാസിനെതിരെ നടപടിയ്ക്ക് നിർദേശം നൽകി ആഭ്യന്തര വകുപ്പ്. സർവ്വീസ് ചട്ടം ലംഘിച്ചതാതാണ് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
പി വി അൻവറുമായുള്ള ഫോൺ സംഭാഷണം പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോർട്ടിലെ വിലയിരുത്തൽ. അന്വേഷണ റിപ്പോർട്ട് ഡിജിപി, മുഖ്യമന്ത്രിയ്ക്ക് കൈമാറും.
സംസ്ഥാന പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ എസ് പി സുജിത് ദാസ്, പി വി അൻവർ എംഎൽഎ ഫോൺ വിളി വിവാദത്തിൽ നടപടിയ്ക്കൊരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്.
സംഭവം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ റിപ്പോർട്ടിൽ, എസ് പി സുജിത് ദാസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്.
3 കാര്യങ്ങളാണ് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നത്. ഒന്ന് മലപ്പുറം ക്യാമ്പ് ഓഫീസിലെ മരം മുറിയിൽ പരാതി പിൻവലിക്കണമെന്ന് താണപേക്ഷിക്കുന്ന രീതിയിൽ എസ് പി ഫോൺ സംഭാഷണം നടത്തിയത് സർവ്വിസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പ്രധാനപ്പെട്ട കണ്ടെത്തൽ.
മറ്റൊന്ന് സർവീസിൽ തന്നെയുള്ള ഉന്നത ഉദ്യോഗസ്ഥരോട് വളരെ മോശമായി രീതിയിൽ അഭിസംബോധന ചെയ്യുന്ന ഫോൺ സംഭാഷണം. എഡിജിപി എം ആർ അജിത്കുമാറിനെതിരെ തെളിവുകൾ ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങളാണ് മറ്റൊരു കാര്യം. ഇതെല്ലാം പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ട്.
സുജിത് ദാസ് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ ആഭ്യന്തര വകുപ്പിൽ നിന്നാണ് നടപടി ഉത്തരവിറങ്ങുക. നിലവിൽ പത്തനംതിട്ട എസ്പിയായ സുജിത് ദാസ് അവധിയിലാണ്. അതേസമയം, ഫോൺ വിളി വിഷയത്തിൽ വേഗം നടപടിയെടുക്കാനൊരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്.