Share this Article
കനത്ത മഴ: 4 ജില്ലകളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വെബ് ടീം
posted on 02-12-2024
1 min read
HOLIDAY

മലപ്പുറം: കനത്ത മഴയെ തുടർന്ന് കാസർകോട്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

മലപ്പുറം കലക്ടറുടെ കുറിപ്പ്

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

ആലപ്പുഴ കലക്ടര്‍

പ്രിയപ്പെട്ട മാതാപിതാക്കളെ, കുട്ടികളെ,

നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണുട്ടോ..

ഇന്ന് അവധി തന്നിലെന്ന് പറഞ്ഞു ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയിരുന്നു. വെറുതെ അവധി തരാനാവിലല്ലോ, മഴ മുന്നറിയിപ്പും മറ്റ് സാഹചര്യങ്ങളും നോക്കി മാത്രമല്ലേ അവധി തരാനാകൂ.. എന്തായാലും നിങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനങ്ങളേ ജില്ല ഭരണകൂടം കൈക്കൊള്ളൂ. അതോർത്ത് പേടിക്കേണ്ടട്ടോ…

പിന്നെ അവധി കിട്ടിയെന്ന് വെച്ച് ആ സമയം വെറുതെ പാഴാക്കരുത്. പുസ്തകങ്ങൾ വായിക്കാനും ക്രിയേറ്റീവ് ആയി നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സ്കൂളിലേക്കുള്ള അസൈൻമെന്റ് ചെയ്യാനും പഠിക്കാനും ഒക്കെ വിനിയോഗിക്കണം. വെള്ളത്തിൽ ഇറങ്ങി കളിക്കാനോ മഴ നനഞ്ഞു പനി പിടിപ്പിക്കാനോ നിക്കരുത് കേട്ടോ.

ഈ കാര്യം മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.

ഒത്തിരി സ്നേഹത്തോടെ…

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

കനത്ത മഴ മുന്നറിയിപ്പിന്റെയും ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും  കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കളക്ടർ  കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു.അംഗൻവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയാണ് അവധി.മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് നിലവിലുള്ള സാഹചര്യത്തിലും തുടർച്ചയായി മഴ പെയ്യുന്നതിനാലും ക്വാറി പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ജില്ലാകലക്ടർ ഉത്തരവിട്ടു. ക്വാറികൾക്കു പുറമെ എല്ലാ വിധ മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം തുടങ്ങിയവയും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നിർത്തിവയ്ക്കണം.

കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ, നദീതീരങ്ങൾ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ചുരം റോഡുകൾ, മലയോര മേഖലകൾ, ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെയുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ കൂടുതൽ ജാഗ്രത പാലിക്കണം. റോഡുകളിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പിഡബ്ല്യുഡി റോഡ്‌സ് വിഭാഗത്തിന് കലക്ടർ നിർദ്ദേശം നൽകി. നാഷണൽ ഹൈവേ പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട്, അവിടങ്ങളിൽ അധിക ജീവനക്കാരെ നിയമിച്ച് വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള നടപടികൾ സ്വീകരിക്കാനും നാഷനൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories