Share this Article
കേരളീയത്തിന് തുടക്കം; കേരളീയതയിൽ അഭിമാനിക്കുന്ന മനസ് വേണമെന്ന് മുഖ്യമന്ത്രി; കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന..വന്‍ താരനിര; ഒരാഴ്ച ആഘോഷക്കാലം
വെബ് ടീം
posted on 31-10-2023
1 min read
(Pinarayi Vijayan inaugurated keralayam 2023 mela

തിരുവനന്തപുരം: കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് തുടക്കം. 41 വേദികളിലായി ഏഴു ദിവസം നീളുന്ന ആഘോഷമാണ് തലസ്ഥാനനഗരിയില്‍ നടക്കുന്നത്. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാവര്‍ഷവും കേരളീയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മാറിയ കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം.   നിരവധി ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘര്‍ഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. നമുക്ക് നമ്മുടേത്  മാത്രമായ വ്യക്തിത്വ സത്തയുണ്ട് . നിർഭാഗ്യവശാല്‍ അത് തിരിച്ചറിയാതെ പോകുകയാണ് . ഈ  സത്തയെ  ശരിയായ രീതിയില്‍ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാറില്ല. അതിനു മാറ്റം വരണം. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന ഒരുമനസ് കേരളീയര്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൃത്തിയുടെ കാര്യത്തില്‍ മുതല്‍ കലയുടെ കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം  ഇളം തലമുറയില്‍ അടക്കം ഉള്‍ചേര്‍ക്കാന്‍ നമുക്ക് കഴിയണം. ആര്‍ക്കും പിന്നിലല്ല കേരളമെന്നും പലകാര്യങ്ങളിലും കേരളം മുന്നിലാണെന്നുമുളള ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ നമുക്ക് കഴിയണം. പലര്‍ക്കും അപ്രാപ്ര്യമായിട്ടുള്ള നേട്ടങ്ങള്‍ കൈവരിക്കാനുള്ള അപാരമായ സിദ്ധികളും സാധ്യതകളും നമുക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ ചില നഗരങ്ങള്‍  ഇത്തരത്തില്‍ ചില മേളകളുടേയും മറ്റും  പേരില്‍ അറിയപ്പെടുന്നുണ്ട്. അത് നമുക്ക് മാതൃകയാകണം. എഡിന്‍ബറ ഫെസ്റ്റിവല്‍, വെനീസ് ഫിനാലെ  തുടങ്ങിയ അതിനുദാഹരണങ്ങളാണ്. ഇത്തരം മേളകള്‍ വ്യാപാരമേഖലയിലും ടൂറിസം മേഖലയിലും അതോടനുബന്ധ മേഖലയിലും വന്‍ സാധ്യതകളാണ് തുറന്നിടുന്നത്. 

നമുക്ക് നമ്മുടേതായ പൈതൃകമുണ്ട്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും  ഭക്ഷണരീതികളിലും ആഘോഷങ്ങളിലും ആ പൈതൃകമുണ്ട്. മതനിരപേക്ഷതയില്‍ ഊന്നിയുള്ള സംസ്‌കാരമുണ്ട്. ലോക പൈതൃകത്തിന്റെ ഒരു മിനിയേച്ചര്‍ മാതൃക നമുക്കുണ്ടെന്ന് വിളിച്ചു പറയാനും കൂടി കേരളീയത്തിന് കഴിയണം. അതിനനുകൂലമായ മികച്ച വ്യവസായ അന്തരീക്ഷമാണിവിടെയുള്ളത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും കാര്‍ഷീകമേഖലയിലുമടക്കം വലിയ സാധ്യതകളാണ് നാം  മുന്നോട്ടുവെയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും വ്യവസായികള്‍ക്കോ നിക്ഷേപകര്‍ക്കോ ഇത്തരത്തിലൊരു അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.

റവന്യൂ- ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെഎന്‍ ബാലഗോപാല്‍ ആമുഖപ്രഭാഷണം നടത്തി. സ്പീക്കര്‍ എഎന്‍ ഷംസീര്‍  കേരളീയം ബ്രോഷര്‍ പ്രകാശനം ചെയ്തു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍,ആന്റണി രാജു, ചലച്ചിത്ര നടന്‍മാരായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍,ചലച്ചിത്ര നടി ശോഭന,  യുഎഇ അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണകൊറിയന്‍ അംബാസഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്റ്റൈനര്‍,റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍,എം.എ.യൂസഫലി,രവി പിള്ള,  ഡോ.എംവി പിള്ള എന്നിവരും വേദിയിലെത്തി. 

പ്രൊഫ.(ഡോ)അമര്‍ത്യസെന്‍,ഡോ.റൊമില ഥാപ്പര്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്, വെങ്കി രാമകൃഷ്ണന്‍, ഡോ.ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ഡോ.തോമസ് പിക്കറ്റി, അഡ്വ.കെകെ വേണുഗോപാല്‍, ടിഎം കൃഷ്ണ, ഉസ്താദ് അംജദ് അലി എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു

മന്ത്രിമാരായ വി അബ്ദുറഹിമാന്‍,അഡ്വ ജിആര്‍ അനില്‍,ഡോ.ആര്‍ ബിന്ദു,ജെ ചിഞ്ചുറാണി,അഡ്വ.പിഎ മുഹമ്മദ് റിയാസ്,പി പ്രസാദ്,കെ രാധാകൃഷ്ണന്‍,പി രാജീവ്, സജി ചെറിയാന്‍, വിഎന്‍ വാസവന്‍, വീണാ ജോര്‍ജ്, എംബി രാജേഷ്,ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ.വികെ രാമചന്ദ്രന്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍,എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി,എഎം ആരിഫ്, തോമസ് ചാഴിക്കാടന്‍,എഎ റഹീം,പി സന്തോഷ് കുമാര്‍,വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍,വി. ജോയി, വികെ പ്രശാന്ത്,ജി സ്റ്റീഫന്‍,സി.കെ.ഹരീന്ദ്രന്‍,ഐ.ബി.സതീഷ്,കെ. ആന്‍സലന്‍,ഒ.എസ്.അംബിക,വി.ശശി,ഡി.കെ.മുരളി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍,കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ്,ടി.പത്മനാഭന്‍,അടൂര്‍ ഗോപാലകൃഷ്ണന്‍,ശ്രീകുമാരന്‍ തമ്പി,കെ.ജയകുമാര്‍, തോമസ് ജേക്കബ്,ഡോ.ബാബു സ്റ്റീഫന്‍,ജെ.കെ. മേനോന്‍,ഒ.വി.മുസ്തഫ,ജോസ് തോമസ്,പി. ശ്രീരാമകൃഷ്ണന്‍,ഐ.എം.വിജയന്‍ എന്നിവരും പങ്കെടുത്തു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories