തിരുവനന്തപുരം: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡിസി ബുക്‌സ് സസ്‌പെന്റ് ചെയ്തു. ജയരാജന്റെ പരാതിയില്‍ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡി സിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി.ഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആള്‍ക്കെതിരെയാണ് ഡി സി ബുക്‌സിന്റെ നടപടി. ഇത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്നാണ് സൂചന.
ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവി ഡി സിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് തള്ളി ഡിസി ബുക്സ് രംഗത്ത് വന്നിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനം അനുചിതമെന്നും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജില്‍ പങ്കുവച്ച കുറിപ്പില്‍ ഡി സി ബുക്‌സ് വ്യക്തമാക്കിയിരുന്നു.
അതേ സമയം ഇപിയുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ഡിസി ബുക്‌സ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം.
പുസതകം പ്രസിദ്ധീകരിക്കാന്‍ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്‌സ് നല്‍കുന്നത്. പുസ്തക വിവാദത്തില്‍ മൊഴി നല്‍കി. ഡി ബുക്‌സ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളു. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ അനുചിതമാണെന്നും ഡിസി ബുക്‌സ് വ്യക്തമാക്കി.