പെരുമ്പാവൂർ വേങ്ങൂർ മേക്കപ്പാലയിൽ നടക്കാൻ ഇറങ്ങിയ രണ്ടു പേരെ കാട്ടാന ആക്രമിച്ചു. ആനയുടെ ആക്രമണത്തിൽ കൊടവത്തൊട്ടി വീട്ടിൽ രാഘവന്റെ (66) വാരിയെല്ലിന് പൊട്ടൽ ഏറ്റു. കൂടെയുണ്ടായിരുന്ന എൽദോസ് ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. രാവിലെ ആറുമണിക്ക് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുള്ള റോഡിലൂടെ നടക്കുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്.
വീണു കിടന്ന രാഘവന്റെ മുകളിലൂടെ കവച്ചാണ് ആന കടന്നുപോയത്. പരിക്കുപറ്റിയ രാഘവനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ വലതു വശത്തെ വാരിയെല്ലുകൾക്കാണ് പൊട്ടൽ സംഭവിച്ചത്. കൂടുതൽ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വേങ്ങൂർ അഞ്ചാം വാർഡിലാണ് സംഭവം.