Share this Article
image
മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി, പാർട്ടിയും തിരുത്തിയില്ല’;വീഡിയോ പ്രദർശിപ്പിച്ചും സിറ്റിംഗ് ജഡ്ജിയെ വച്ച് അന്വേഷണത്തിന് വെല്ലുവിളിച്ചും പി വി അൻവർ
വെബ് ടീം
posted on 26-09-2024
1 min read
PV ANWAR

നിലമ്പൂര്‍: ആരോപണമുന്നയിച്ച തന്നെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നെന്ന്  പി.വി. അന്‍വര്‍ എംഎല്‍എ. പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

‘എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല. പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ പാർട്ടിയുമായി സഹകരിക്കുന്നുണ്ട്.

പാർട്ടി ലൈനിൽ നിന്നും താൻ വിപരീതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇപ്പോൾ‌ ചർച്ചകൾ നടക്കുന്നതെന്നും അൻവർ പറഞ്ഞു. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂർവം ഒന്നും നടക്കുന്നില്ല.’’– അൻവർ പറ​ഞ്ഞു. മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ചായിരുന്നു അൻവറിന്റെ പരാമർശം.

‘‘ഇന്ന് ഈ പത്രസമ്മേളനം നടത്താൻ കഴിയുമോയെന്ന് വിശ്വസിച്ചിരുന്നില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് അറിയില്ല. അജിത് കുമാർ എന്ന നൊട്ടോറിയസ് പലതും ചെയ്യാം. മുഖ്യമന്ത്രി മലപ്പുറത്ത് പാർട്ടി സെക്രട്ടറിയെ വിളിച്ച് ചോദിക്കണ്ടേ. ഈ പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കേണ്ടേ. എന്റെ പിന്നാലെ പൊലീസുണ്ട്. ഇന്നലെ രാത്രി രണ്ടു മണിയ്ക്കാണ് കിടന്നത്.

ശബ്ദുമുണ്ടാക്കാതെ വീടിനു പിന്നിൽ കൂടി വന്നുനോക്കിയപ്പോൾ രണ്ടു പൊലീസുകാർ വീടിനു മുന്നിലുണ്ട്. ഞാൻ‌ സംസാരിക്കുന്നത് മുഴുവൻ പൊലീസ് കേൾക്കുന്നുണ്ടായിരിക്കും. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുൻപ് ജനങ്ങളോട് കാര്യം പറയണം. മുഖ്യമന്ത്രിക്ക് അജിത് കുമാർ എഴുതി കൊടുത്ത കഥയും തിരക്കഥയും വാസ്തവമല്ല. ആരാ നിങ്ങളുടെ  പിന്നിലെന്ന് ചോദിക്കുന്നു. പടച്ചവനാണ് എന്നെ സഹായിച്ചത്. പടച്ചവൻ എന്റെ കൂടെയുണ്ട്.’’– അൻവർ പറഞ്ഞു.

പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ അന്‍വര്‍ തയാറായിരുന്നില്ല.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അന്‍വറിനെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്‍വറിനോട് പരസ്യപ്രതികരണം നടത്തരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇത് തള്ളികൊണ്ടാണ് അദ്ദഹം വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories