റീൽസ് എടുക്കാൻ ഈ ഭൂമിയിലെ കിട്ടാവുന്ന ഇടമെല്ലാം പലരും കണ്ടെത്തി എടുത്തുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ഇടങ്ങൾ വിട്ട് ആകാശപാത പിന്തുടരുന്നവരും ഇപ്പോഴുണ്ട്. ട്രെയിനിലേയും ബസിലേയും റീല്‍സ് ചിത്രീകരണം നമ്മളെല്ലാം കണ്ടിട്ടുണ്ട്. ചിലർക്ക് ഒരു പേടിയുമില്ലാതെ ട്രാഫിക് സിഗ്നലില്‍ പോലും റീല്‍സ് എടുക്കാനുള്ള ധൈര്യവും ഉണ്ട്. അടുത്തയിടെ സർക്കാർ ഓഫീസിൽ നിന്നുള്ള മനോഹരമായ റീൽ നമ്മൾ കണ്ടതാണ്. ചിലപ്പോഴെല്ലാം വിഡിയോ ചിത്രീകരണത്തില്‍ സഹയാത്രീകരും സോഷ്യല്‍ മീഡിയയും വിമര്‍ശനവും ഉന്നയിക്കാറുണ്ട്. റീല്‍സ് ചിത്രീകരണം ബസും ട്രെയിനും കടന്ന് ഇപ്പോള്‍ വിമാനത്തിലേക്കും എത്തിയിരിക്കുകയാണ്.
സല്‍മ ഷെയ്ക് എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വിമാനത്തില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. രജിനികാന്ത് ചിത്രം ബാഷയിലെ 'സ്റ്റൈല് സ്റ്റൈല് ഡാ' എന്ന പാട്ടിനാണ് സല്‍മ വിമാനത്തില്‍ ചുവട് വച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. 1.6 മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
നിരവധി കമന്‍റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. ഒപ്പമുള്ള യാത്രക്കാരെ കൂടി പരിഗണിക്കണമെന്നും ഇത് പ്രൈവറ്റ് ജെറ്റല്ലെന്നുമാണ് ഒരാള്‍ കുറിച്ചത്. ഫ്ളൈറ്റൊക്കെ വൈകാനുള്ള കാരണം ഇപ്പോള്‍ പിടികിട്ടി എന്നാണ് മറ്റൊരു കമന്‍റ്. പൊതുശല്യമാവുന്നത് അവസാനിപ്പിക്കൂ എന്നാണ് മറ്റൊരു കമന്‍റ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി ആവശ്യമാണെന്നും കമന്‍റുകളുണ്ട്.