ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങളോടെയാണ് മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ ബജറ്റെത്തുക. പട്ടില്‍ പൊതിഞ്ഞ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കൊണ്ടുവരുന്ന പുതിയ പ്രഖ്യാപനങ്ങളില്‍ കണ്ണുംനട്ടിരിക്കുകയാണ് വിപണിയും ജനങ്ങളും.
വികസന പദ്ധതികളിലും ജനക്ഷേമ നയങ്ങള്‍ക്കും ഊന്നല്‍ കൊടുത്തുള്ളതാകും ബജറ്റെന്നാണ് പ്രതീക്ഷ. നികുതി പരിഷ്‌കാരങ്ങളെങ്ങനെയാകുമെന്നാണ് ഏറ്റവും നിര്‍ണായകമാകുക. ആദായ നികുതി നിരക്കുകള്‍ കുറയ്ക്കും എന്നതിനാണ് സാധ്യതകള്‍ ഏറെയുള്ളത്. ഇടക്കാല ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ മികച്ച രീതിയിലാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. ജിഡിപി വളര്‍ച്ച 8.3 ശതമാനത്തിലാണ്.
ധനക്കമ്മി കുറയുന്നതും നികുതി വരുമാനം വര്‍ധിച്ചതും ധനമന്ത്രിക്ക് അനുകൂല ഘടകമാണ്. സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വളര്‍ച്ചയും ഒരുപോലെ നിലനിര്‍ത്തുക എന്നതിനാണ് മുന്‍ഗണന നല്‍കുക. എന്നാല്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ രാജ്യത്തെ താഴെത്തട്ടിലെ ജനങ്ങളിലേക്കെത്തുന്നില്ല.
ദേശീയ വരുമാനത്തിന്റെ 40 ശതമാനവും അതിസമ്പന്നരുടെ പോക്കറ്റിലാണെന്നതാണ് വൈരുദ്ധ്യം. അതിനാല്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിനെതിരെ ഉണ്ടാകുന്ന പ്രഖ്യാപനങ്ങളെയാണ് ബജറ്റില്‍ പ്രതീക്ഷിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലടക്കം വിറച്ച കേന്ദ്രസര്‍ക്കാറിന് കര്‍ഷകരോക്ഷം തണുപ്പിക്കേണ്ടതുണ്ട്.
പിഎം കിസാന്‍ ആനുകൂല്യം 6000 രൂപയില്‍ നിന്ന് 8000 ആക്കുമെന്നാണ് പ്രതീക്ഷ. ഇത് നടപ്പിലായാല്‍ കേരളത്തില്‍ മാത്രം 23 ലക്ഷം കര്‍ഷകരാണ് ഗുണഭോക്തരാകുക. ഗ്രാമീണമേഖലയില്‍ ഉപഭോഗം വര്‍ധിപ്പിച്ച് വിപണിക്ക് ഉണര്‍വേകാനും പ്രഖ്യാപനങ്ങളുണ്ടാകും.കര്‍ഷകരെ സന്തോഷിപ്പിക്കാന്‍ കര്‍ഷക അനുകൂല പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കാം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ബജറ്റാകും മൂന്നാം മോദി സര്‍ക്കാരിന്റേത്.