വടക്കന്‍ ഇറ്റലിയില്‍ വെള്ളപൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 37 നഗരങ്ങളെയും പട്ടണങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. 13,000 ലേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ വീടുകളും റോഡുകളും മുങ്ങിയ അവസ്ഥയിലാണ്. മിക്ക നദികളും കരകവിഞ്ഞൊഴുകി. വേനല്‍ക്കാലത്ത് ഈ നദികള്‍ വറ്റിവരണ്ടിരുന്നു. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളപൊക്കത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ ഗ്രാന്‍പ്രി മാറ്റിവെച്ചിരുന്നു. വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ച മേഖലകള്‍ക്ക് സമീപമാണ് ഇതിന്റെ വേദി. ചില പ്രദേശങ്ങളില്‍ വെറും 36 മണിക്കൂറിനുള്ളില്‍ ശരാശരി വാര്‍ഷിക മഴയുടെ പകുതി ലഭിച്ചു. ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു.ഏകദേശം 14,000 പേരെ പ്രദേശത്ത് നിന്ന് എത്രയും വേഗം ഒഴിപ്പിക്കേണ്ടിവരുമെന്ന് പ്രാദേശിക ആഭ്യന്തര മന്ത്രാലയ പ്രതിനിധി അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.120ഓളം ഇടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബൊലോഗ്‌ന നഗരത്തിനടുത്തുള്ള ഒരു പാലവും തകര്‍ന്നു. ചില റോഡുകള്‍ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും ഇല്ലാതായി. ഇതിന് പുറമെ മേഖലയില്‍ പല റെയില്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.