Share this Article
ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടു?; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുമെന്ന് ഇസ്രയേൽ
വെബ് ടീം
posted on 17-10-2024
1 min read
YAHIYA SINWAR

ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്നും സാധ്യതയുണ്ടെന്നും അത് പരിശോധിക്കുകയാണെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. 

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരരിൽ ഒരാളാണ് ഹമാസ് നേതാവ് യഹിയ സിൻവാർ. ആക്രമണത്തില്‍ 1,100 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 40,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. യുദ്ധത്തില്‍ 2.3 മില്യണ്‍ പേർ പലായനം ചെയ്തു. 

ഇതിനു മുന്‍പ് ഹമാസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും 100 ശതമാനം അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.

2011 ല്‍ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷലിത്തിനെ ഗാസ മോചിപ്പിച്ചതിന് പകരമായി ഇസ്രയേൽ വെറുതെ വിട്ട 1000 തടവുകാരില്‍ ഒരാളായിട്ടാണ് സിൻവാർ പുറത്തു വന്നത്. ഒക്ടോബര്‍ 7നു ശേഷം ഇസ്രയേല്‍ പിടിയില്‍പ്പെടാതെ രക്ഷപ്പെട്ട് കഴിയുകയായിരുന്നു സിന്‍വാര്‍. രാഷ്ട്രീയ വിഭാഗം മേധാവിയായ ഹനിയയുടെ അറിവോടെയല്ല ഒക്ടോബര്‍ ആക്രമണം സിന്‍വാര്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണമുണ്ട്.

പിന്നീട് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് ശേഷം സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത് യഹിയ ഹമാസിൻ്റെ തലവനായി. എന്നാല്‍ സെപ്തംബർ 21ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യഹ്യ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ദീർഘകാലമായി ഔദ്യോഗിക ചാനലുകളിലടക്കം പ്രത്യക്ഷപ്പെടാതിരുന്നതാണ് ഈ റിപ്പോർട്ടുകള്‍ ശരിവെക്കാൻ കാരണമായത്.

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് നേതാവ് യഹിയ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലും റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇസ്രയേൽ മാധ്യമമായ ദ ജെറുസലേം പോസ്റ്റാണ് ഈ വിവരം പുറത്തുവിട്ടത്. ഖത്തറുമായി സിൻവാർ രഹസ്യ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് യഹ്യ സിൻവാർ കൊല്ലപ്പെട്ടുവെന്ന സാധ്യത പരിശോധിച്ചു കൊണ്ട്  ഇസ്രയേൽ സൈന്യം രംഗത്തെത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories