വ്യാജരേഖ സമർപ്പിച്ച കേസിൽ കെ.വിദ്യയെ കണ്ടെത്താനായി അന്വേഷണസംഘം കാസർഗോഡെത്തി. വിദ്യയെ തേടി തൃക്കരിപ്പൂരിലെത്തിയ പൊലീസിന് വീട് അടച്ചിട്ടതിനാൽ പരിശോധന നടത്താതെ മടങ്ങേണ്ടി വന്നു. അതേസമയം വിദ്യയ്ക്കെതിരെ പുതിയ ആരോപണവുമായി കെഎസ്‌യുവും രംഗത്ത് വന്നു. വിദ്യക്ക് പിഎച്ച്ഡി പ്രവേശനം നേടാൻ മന്ത്രി പി രാജീവ് അടക്കമുള്ളവർ വഴിവിട്ട സഹായം നൽകിയെന്ന ഗുരുതര ആരോപണവും കെഎസ്‌യു ഉന്നയിച്ചു. എന്നാൽ ജോലി നേടാൻ വ്യാജരേഖ ചമച്ച കെ.വിദ്യക്ക് എസ്.എഫ്.ഐയുമായി ഒരു ബന്ധവുമില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി.
ഒളിവിൽ കഴിയുന്ന വിദ്യയെ കണ്ടെത്താനായാണ് പൊലീസ് തൃക്കരിപ്പൂരിലെ വീട്ടിൽ എത്തിയത്. ആദ്യം നീലേശ്വരം പൊലീസും പിന്നീട് അഗളി പൊലീസുമാണ് എത്തിയത്. പൊലീസ് സംഘം തൃക്കരിപ്പൂരിൽ എത്തിയപ്പോൾ വിദ്യയുടെ വീട് അടച്ചിട്ട നിലയിലായിരുന്നു. ആരുമില്ലാത്തതിനാൽ വീട്ടിൽ പരിശോധന നടത്താതെ പൊലീസ് സംഘത്തിന് മടങ്ങേണ്ടി വന്നു.
അതേസമയം, പിഎച്ച്ഡിക്ക് പുറമേ കെ വിദ്യ എംഫിൽ പ്രവേശനം നേടിയതും തട്ടിപ്പിലൂടെയാണെന്ന പുതിയ ആരോപണം കെ.എസ്.യു ഉന്നയിച്ചു. കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യ എം.ഫിൽ ചെയ്തത് മാനദണ്ഡങ്ങൾ അട്ടിമറിച്ച് അധ്യാപികയായി ജോലി നോക്കവെയാണ്. വിദ്യയ്ക്ക് പാർട്ടി ബന്ധമില്ലെന്ന് പറയുന്ന സിപിഎം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ പേക്കടം വാർഡിൽ സ്ഥാനാർത്ഥിയായി നിർത്തിയത് വിദ്യയുടെ അമ്മയെയായിരുന്നു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിന് വഴിവിട്ട സഹായം നൽകിയത് ഇന്നത്തെ മന്ത്രി പി രാജീവ് അടക്കമുള്ളവരാണെന്ന് ഗുരുതര ആരോപണവും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് ഉന്നയിച്ചു.
എന്നാൽ ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ലെന്ന് പറഞ്ഞ മന്ത്രി പി.രാജീവ് കെ വിദ്യയ്ക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. സംഭവം എസ്എഫ്ഐക്കെതിരായ പ്രചാരണമാക്കാൻ ചിലർ ശ്രമിക്കുകയാണ്. തനിക്കെതിരായ കെഎസ്‌യു ആരോപണം ശുദ്ധ അസംബന്ധമാണെന്നും മന്ത്രി തുറന്നടിച്ചു.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് നീങ്ങാനാണ് കെഎസ്‌യുവിന്റെ നീക്കം. വിദ്യ ഒളിവിൽ പോയത് സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.