ഡല്‍ഹിയില്‍ വായുമലിനീകരണം ഗരുതരാവസ്ഥയിലേക്ക്. യമുനാ നദിയുടെ ചില ഭാഗങ്ങള്‍ വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നു. വായു ഗുണനിലവാരം വളരെ അപകടകരമായ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
യമുനാ നദിയില്‍ രൂപപ്പെട്ട നുരയില്‍ ഉയര്‍ന്ന അളവില്‍ അമോണിയയും ഫോസ്‌ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പരിസ്ഥിതി വിദഗ്തര്‍ വ്യക്തമാക്കുന്നു.
നദിയിലെ മലിനീകരണ തോത് ആശങ്കാജനകമാണെന്നും ഛഠ് പൂജ ഉള്‍പ്പടെയുള്ള പ്രധാന ആഘോഷങ്ങള്‍ അടുത്തുവരുന്നതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി വിദഗ്ധര്‍ സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണക്കുകള്‍ പ്രകാരം ഡല്‍ഹിയുടെ പല ഭാഗങ്ങളിലും എക്യുഐ വളരെ മോശം വിഭാഗത്തിലാണ്. വസീര്‍പുരില്‍ എക്യുഐ 379 ഉം വിവേക് വിഹാറില്‍ 327 ഉം ഷാദിപുരില്‍ 337 ഉം പഞ്ചാബി ബാഗില്‍ 312 ഉം ആണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഡല്‍ഹിയിലെ 13 ഹോട്ട്സ്പോട്ടുകളില്‍ വിവിധ പ്രാദേശിക മലിനീകരണ സ്രോതസ്സുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊടി നിയന്ത്രിക്കാന്‍ 80 ആന്റി സ്‌മോഗ് ഗണ്ണുകള്‍ വിന്യസിക്കുമെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.