ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞ് തെക്ക് കിഴക്കന്‍ പാക്കിസ്ഥാനിലെ ധോലാവിര മേഖലയിലേക്കും രാജസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും നീങ്ങുന്നു.നിലവില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
വരുന്ന 12 മണിക്കൂറില്‍ കാറ്റിന്റെ വേഗത ഇനിയും കുറയുമെന്നും കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. തീവ്രത കുറഞ്ഞാകും കാറ്റ് രാജസ്ഥാനിലേക്ക് പ്രവേശിക്കുക. രാജസ്ഥാനിലെ ജലോര്‍, ചനോഡ്, മാര്‍വര്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി.
രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ എട്ട് യൂണിറ്റ് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും കനത്ത മഴ തുടരുകയാണ്. ബിപോര്‍ജോയ് ഏറെ ബാധിച്ച ഗുജറാത്തിലെ കച്ച്-സൗരാഷ്ട്ര മേഖലയിലും മഴ തുടരുകയാണ്.
ഗുജറാത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മേഖലകളില്‍ പൂര്‍വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 1700ലധികം ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. പാസഞ്ചര്‍ ഉള്‍പ്പെടെ 101 ട്രെയിനുകള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്.