ന്യൂ ഡൽഹി: ബില്ലുകൾ തീർപ്പാക്കാത്ത കേരള ഗവർണറുടെ നടപടി ചോദ്യം ചെയ്‌തുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ പഞ്ചാബ് കേസിലെ ഉത്തരവ് വായിച്ചു നോക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചത്. ഹർജി പരിഗണിച്ചപ്പോൾ പഞ്ചാബ് കേസിലെ ഉത്തരവ് വായിച്ചു നോക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് ശേഷം മറുപടി അറിയിക്കാൻ ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിനോടും ആവശ്യപ്പെട്ടു. പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ ബില്ലുകളിൽ ഒപ്പിടുന്ന വിഷയത്തിൽ ഗവർണറുടെ അധികാരത്തെ സംബന്ധിച്ച കാര്യങ്ങൾ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ 200ആം അനുച്ഛേദ പ്രകാരം ബില്ലുകൾ ഒപ്പിടുന്നതിൽ നിയമസഭയെ മറികടക്കാൻ ഗവർണർക്ക് കഴിയില്ലെന്നാണ് ഉത്തരവ്. ഗവർണർക്ക് ബിൽ തിരിച്ചയക്കാമെന്നും എന്നാൽ വീണ്ടും പരിഗണനയ്ക്ക് എത്തിയാൽ ഒപ്പിടണമെന്നുമാണ് 200ആം അനുച്ഛേദത്തിൽ പറയുന്നത്. നിയമസഭ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നതാണെന്നും അതിനെ മറികടക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.