അഹമ്മദാബാദ്:മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മലയാളിയായ അഭിഭാഷകയെ കാണാതായെന്നു പരാതി. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദിൽനിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായതെന്നാണു പരാതി. കേസിന്റെ ആവശ്യത്തിനായാണ് ഇവർ മുംബൈയിലേക്ക് പോയതെന്നാണു വിവരം. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാവിലെ 7.10ന് ഗുജറാത്ത് എക്സ്പ്രസിലാണ് ഷീജ ഗിരീഷ് നായർ അഹമ്മദാബാദിൽനിന്നു മുംബൈയിലേക്കു പോയത്. രണ്ടു പെൺമക്കളുടെ അമ്മയായ ഷീജ അന്ന് ഉച്ചയ്ക്കു വീട്ടിലേക്കു ഫോണിൽ ബന്ധപ്പെട്ടിരുന്നു. വാപി എത്തിയെന്നു പറഞ്ഞാണ് ഏറ്റവും ഒടുവിൽ വിളിച്ചത്. മൂന്നു മണിക്ക് മുംബൈയിൽ എത്തിയശേഷം വിളിക്കാമെന്നു പറഞ്ഞാണ് ഫോൺ വച്ചത്. പക്ഷേ പിന്നീട് ഫോൺ വിളിച്ചെങ്കിലും എടുത്തില്ല.
വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ അന്നു വൈകുന്നേരം തുറന്നു വായിച്ചിട്ടുണ്ട്. അതിനു മറുപടി അയച്ചില്ല. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരും വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയോടെ ഫോൺ സ്വിച്ച് ഓഫാവുകയും ചെയ്തു. പിന്നീട് ഇതുവരെ ഷീജയെക്കുറിച്ചു വിവരമില്ലെന്നു കുടുംബം പറയുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ വീട്ടിൽ തിരിച്ചെത്തേണ്ടതായിരുന്നു. എത്തിയില്ലെന്നു മാത്രമല്ല, ഇതുവരെ യാതൊരു വിവരവുമില്ലെന്നും കുടുംബം വ്യക്തമാക്കി.