ന്യൂഡല്‍ഹി: തോട്ടിപ്പണി പൂര്‍ണമായും ഇല്ലാതായെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന സമയത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ഓവുചാല്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന അപകടം മൂലം സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി.
ശുചീകരണത്തൊഴിലാളിക്ക് മറ്റ് ശാരീരിക വിഷമതകള്‍ ഉണ്ടായാല്‍ 10 ലക്ഷം രൂപ വരെ നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഏകോപിപ്പിക്കണമെന്നും മലിനജല മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് ഹൈക്കോടതികള്‍ക്ക് തടസ്സമില്ലെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേരാണ് മരിച്ചത്. ഈ മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണെന്ന് 2022 ജൂലൈയില്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ കണക്കുകളിലുണ്ട്.