നീറ്റ് പരീക്ഷ നടത്തിപ്പിലെ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ദേശീയ തലത്തില്‍ ഇത്തരത്തില്‍ പിഴവുകള്‍ സംഭവിക്കുന്നത് കുട്ടികളുടെ ഭാവി തകര്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും നീറ്റ് പുനപരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചു.
ദേശീയ പരീക്ഷകള്‍ നടക്കുമ്പോള്‍ വീഴ്ചകള്‍ സംഭവിക്കരുതെന്നാണ് സുപ്രീം കോടതി കേന്ദ്രത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഒരു പ്രവണതകളും അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സൈബര്‍ സുരക്ഷയിലെ വീഴ്ചകള്‍, കേന്ദ്രങ്ങളില്‍ എത്തുന്നരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതിലെ പോരായ്മ, സിസിടിവി നീരീക്ഷണം എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരണം. ഈ വര്‍ഷം തന്നെ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി, കഴിഞ്ഞ പരീക്ഷയിലെ അപാകതകള്‍ കണ്ടെത്തി പരിഹരിക്കണമെന്നും മാര്‍ഗ രേഖ ഉണ്ടാക്കണെമെന്നും കോടതി പറഞ്ഞു. അതേസമയം വ്യാപകമായ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, നീറ്റ് പുനപരീക്ഷ നടത്തണമെന്ന ആവശ്യം തള്ളികൊണ്ട് അന്തിമ വിധി പ്രസ്താവിച്ചു.