ഉത്തര്‍പ്രദേശില്‍ ചൂട് കനക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് 34 പേര്‍ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.ചൂടിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ 34 മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ 23 മരണം ജൂണ്‍ 15 നും 11 മരണം ജൂണ്‍ 16 നും റിപ്പോര്‍ട്ട് ചെയ്‌തെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ജയന്ത് കുമാര്‍ അറിയിച്ചു. മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെയും പ്രായമായവരെയുമാണ് ചൂട് കൂടുതല്‍ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രോഗികള്‍ക്കും ജീവനക്കാര്‍ക്കും സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ദിവാകര്‍ സിംഗ് പറഞ്ഞു. ആശുപത്രിയില്‍ ഫാനുകളും കൂളറുകളും എയര്‍ കണ്ടീഷണറുകളും ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധിക ജോലി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിന്റെ മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡാറ്റ അനുസരിച്ച്, ബലിയയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 42.2 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് സാധാരണയേക്കാള്‍ 4.7 ഡിഗ്രി കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങള്‍ നേരിട്ട് ചൂട് കൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.