തക്കാളിയിട്ട് മീൻ കറിവയ്ക്കണമെന്ന് വിചാരിച്ചാൽ ചെലവ് കൈയ്യിൽ നിൽക്കില്ല. മീൻ വിലയ്ക്കൊപ്പം തക്കാളിയുടെ വിലയും കുതിച്ച് ഉയർന്നിരിക്കുകയാണ്. രാജ്യത്തെ പല നഗരങ്ങളിലും തക്കാളി വില 100 കടന്നു. അതായത് തക്കാളി ഒന്നിന് വില പത്ത് രൂപയ്ക്ക് മുകളിൽ വരും. വില കൂടിയതോടെ പലരും തക്കാളിയെ അടുക്കളയിൽ നിന്ന് ഒഴിവാക്കിയ മട്ടാണ്.
എന്നാൽ അടുത്ത 15 ദിവസത്തിനുള്ളിൽ തക്കാളി വില കുറയുമെന്നാണ് കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ തക്കാളി വില സാധാരണ നിലയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കി പറഞ്ഞാൽ ഒരു മാസം ഒന്ന് കാത്തിരുന്നാൽ തക്കാളി സൂപ്പും, തക്കാളി ഫ്രൈയുമൊക്കെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാം.
ഹിമാചൽ പ്രദേശിലെ സോളൻ, സിർമൗർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ തക്കാളി വരുന്നതോടെ ഡൽഹിയിലെ തക്കാളി വില ഉടൻ കുറയുമെന്ന് രോഹിത് കുമാർ വ്യക്തമാക്കി.
"തക്കാളിയുടെ വലവർദ്ധനവ് എല്ലാ വർഷവും ഈ സമയത്താണ് സംഭവിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രശ്‌നങ്ങളും കാരണം തക്കാളികൃഷിയിൽ വൻതോതിൽ നാശം ഉണ്ടായി. ഇത് തക്കാളിയുടെ ലഭ്യത കുറച്ചു.
ജൂൺ-ഓഗസ്‌റ്റ്, ഒക്ടോബർ-നവംബർ മാസങ്ങളിൽ തക്കാളിയുടെ ഉൽപ്പാദനം കുറവാണെന്നും ഈ കാലയളവിൽ വില സാധാരണയായി കുത്തനെ വർധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.