ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു. അളകനന്ദ നദിയുടെ തീരത്തുള്ള നമാമി ഗംഗ പദ്ധതി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരു പോലീസ് സബ്ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചമോലി പോലീസ് സൂപ്രണ്ട് പർമേന്ദ്ര ഡോവൽ പറഞ്ഞു. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രോജക്റ്റ് സൈറ്റിന്റെ കെയർടേക്കർ ഗണേഷ് ലാലാണ് ആദ്യം മരിച്ചത്. ഇയാൾ വൈദ്യുതാഘാതമേറ്റ് മരിച്ച വിവരം അറിഞ്ഞെത്തിയതായിരുന്നു പോലീസുകാര്‍. എന്നാല്‍ പൊട്ടിക്കിടന്ന കമ്പിയില്‍ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നു. ഇതറിയാതെ നാട്ടുകാരും പോലീസുകാരും അപകടത്തില്‍പ്പെടുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡിൽ തുടർച്ചയായി മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിർത്താതെ പെയ്യുന്ന മഴയിൽ അളകനന്ദയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അളകനന്ദയുടെ ജലനിരപ്പ് ഉയർന്നതോടെ പൗരി ജില്ലയിലെ ശ്രീനഗറിലെ ജിവികെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടിൽ നിന്ന് 3,000 ക്യുസെക്‌സ് അധിക ജലം തുറന്നുവിട്ടു.