പശ്ചിമ ബംഗാള്‍ ബങ്കുരയില്‍ ഒണ്ട സ്റ്റേഷന് സമീപം ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ എഞ്ചിന്‍ ഉള്‍പ്പെടെ 12 ബോഗികള്‍ പാളം തെറ്റി. സിഗ്നലിംഗ് തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ലോക്കോ പൈലറ്റിന് പരിക്കുണ്ടെങ്കിലും മറ്റ് ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിന്‍ അപകടം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു ട്രെയിന്‍ അപകടം കൂടി ഉണ്ടായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഒണ്ട സ്റ്റേഷന് സമീപം അപകടം നടന്നത്. ഒരു ട്രെയിനിന് പിന്നില്‍ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. സിഗ്നലിംഗ് വിവരങ്ങള്‍ കൃത്യമായി ലഭിക്കാത്തതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് 12 കോച്ചുകള്‍ പാളം തെറ്റി തെറിച്ചു വീണു. വലിയ ശബ്ദം കേട്ട് ഓടി വന്നപ്പോള്‍ കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യം പാസഞ്ചര്‍ ട്രെയിനുകളാണെന്ന് കരുതിയെങ്കിലും പിന്നീട് ചരക്ക് ട്രെയിനുകളാണ് ആളാപായമില്ല എന്നൊക്കെ അറിഞ്ഞപ്പോഴാണ് ആശ്വാസമായതെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. നാട്ടുകരാണ് ലോക്കോ പൈലറ്റുമാരേയും ട്രെയിനുകളില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരേയും ആശുപത്രിയില്‍ എത്തിച്ചത്.
അപകടത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴിത്തിരിച്ചുവിടുകയും ചിലത് റദ്ദാക്കുകയും ചെയ്തു. പുരുലിയ-ഹൗറ എക്‌സ്പ്രസ്, അസന്‍സോള്‍-ദിഘ എക്‌സ്പ്രസ്, ആദ്ര-ഖരഗ്പൂര്‍ എക്‌സ്പ്രസ് തുടങ്ങി ഒമ്പതോളം ട്രെയിനുകള്‍ റദ്ദാക്കി. മൂന്നോളം ട്രെയിനുകള്‍ വഴിത്തിരിച്ചുവിട്ടു. അതേസമയം പാതയുടെ അറ്റകുറ്റപ്പണിക്ക് ശേഷം ഗതാഗതം പുനസ്ഥാപിച്ചു. ഹൗറ-ചക്രധര്‍പൂര്‍ എക്സ്പ്രസ് 8:35-ന് യാത്ര നടത്തി. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.