മുംബൈ: അഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി മുംബൈയിലെ നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. അപർണ നായർ എന്ന 20കാരിയാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. വ്യക്തിപരമായ കാരണത്താലാണ് ആത്മഹത്യയെന്ന് പറഞ്ഞ പൊലീസ്, ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും അറിയിച്ചു.
പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ശേഷം 15 ദിവസമായി മൽവാനിയിലെ ഹംലയിൽ ഇന്ത്യൻ നേവി ഷിപ്പിൽ പരിശീലനത്തിലായിരുന്നു അപർണ. മുംബൈ മൽവാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2022 ജൂൺ 14നാണ് അഗ്നിപഥ് സ്കീമിൽ അഗ്നിവീർ നിയമനം പ്രഖ്യാപിച്ചത്. ഇതുവഴിയാണ് ഇനി സൈന്യത്തിന്റെ ഭാഗമാകാൻ കഴിയുക. ആറ് മാസത്തെ പരിശീലനമടക്കം നാല് വർഷത്തെ കാലാവധിയിലാണ് നിയമനം. വിരമിച്ച ശേഷം സായുധ സേനകളിൽ ചേരാൻ അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്.