കൊച്ചി: മലയാള സിനിമാ രംഗത്ത് പുതിയ സംഘടന രൂപീകരിക്കാന്‍ നീക്കം. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍,ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങി.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. തൊഴിലാളികളുടെ ശാക്തീകരണമാണ് പ്രധാന ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘാടകര്‍ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും, സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളില്‍ വേരൂന്നി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്തു.
മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോള്‍ സിനിമാമേഖല പിന്നിലാണ്. സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളില് വലിയ സ്വാധീനം ചെലുത്തുന്ന മേഖലയാണ് സിനിമ എങ്കിലും കാലഹരണപ്പെട്ട രീതികളാണ് പിന്തുടരുന്നത് എന്നാണ് വിമര്‍ശനം. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉള്‍ക്കൊണ്ട് മലയാള സിനിമാ വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. നേരത്തെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംവിധായകന്‍ ആഷിക് അബു 'ഫെഫ്ക'യില്‍നിന്ന് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.