അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന വെടിവെയ്പില്‍ നാല് മരണം. മൂന്നുപേരെ വെടിവെച്ച് കൊന്ന ശേഷം അക്രമി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വംശീയ വിദ്വേഷമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ്.
പ്രാദേശിക സമയം ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അക്രമം. ജാക്‌സണ്‍വില്ലയിലെ ഒരു ജനറല്‍ സ്‌റ്റോറിലേക്ക് മുഖംമൂടി ധരിച്ചെത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ കറുത്ത വര്‍ഗക്കാരായ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ യുവാവും സ്വയം വെടിയുതിര്‍ത്തു.
വംശീയ വിദ്വേഷമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് മേയര്‍ ഡോണ ഡീഗന്‍ പറഞ്ഞു. കൊലപാതകങ്ങള്‍ക്ക് ശേഷം കറുത്ത വര്‍ഗക്കാരോടുള്ള തന്റെ വെറുപ്പ് വ്യക്തമാക്കുന്ന നിരവധി ചെറു കുറിപ്പുകള്‍ അക്രമി സംഭവസ്ഥലത്ത് വിതറിയിരുന്നു. അക്രമി ഭാരം കുറഞ്ഞ സെമി ഓട്ടോമാറ്റിക് റൈഫിളും കൈത്തോക്കും കൈവശം വെച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ധരിച്ചിരുന്നു. ഇയാള്‍ ഒറ്റക്കായിരുന്നു അക്രമം നടത്തിയതെന്നും ആത്മഹത്യ ചെയ്തത് മനപൂര്‍വമാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അക്രമിയുടെയോ കൊല്ലപ്പെട്ടവരുടെയോ പേരുവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ എഫ്ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം വടക്കുകിഴക്കന്‍ നഗരമായ ബോസ്റ്റണിലെ കരീബിയന്‍ ഫെസ്റ്റിവലില്‍ നടന്ന വെടിവയ്പ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ഇന്നലെ രാത്രി ചിക്കാഗോയില്‍ നടന്ന ഒരു ബേസ്‌ബോള്‍ ഗെയിമിനിടെയുണ്ടായ വെടിവെയ്പ്പില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു.