ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച പാർലമെന്റിലെത്തിയത് പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായി. പലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടമാക്കുന്ന, തണ്ണിമത്തന്റെ ചിത്രം ഉൾപ്പടെ ബാഗിലുണ്ട്.പാർലമെന്റ് കെട്ടിടത്തിനുള്ളിൽ ബാഗ് ധരിച്ചുനിൽക്കുന്ന പ്രിയങ്കയുടെ ചിത്രം, കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. നേരത്തെ പലതവണ പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പ്രിയങ്ക പലസ്തീൻ പരമ്പരാഗത ശിരോവസ്ത്രമായ കഫിയ ധരിച്ചെത്തിയതും വാർത്തയായിരുന്നു.കൂടിക്കാഴ്ചയിൽ പലസ്തീനുമായുള്ള ആത്മബന്ധം അനുസ്മരിക്കുകയും പലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്ക പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.അതേസമയം, പലസ്തീൻ എന്നെഴുതിയ ബാഗുമായെത്തിയ പ്രിയങ്കയെ പരിഹസിച്ച് ബിജെപി നേതാവ് സംബിത് പത്ര രംഗത്തെത്തി. കോൺഗ്രസ് കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗാണ് തൂക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രീണന ബാഗാണ് അവരുടെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്നും അദ്ദേഹം വിമർശിച്ചു.