ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കളുടെ അവസ്ഥ വിരൽ മുറിച്ച ഏകലവ്യന്റെ പോലെയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിക്ക് അവസരം നൽകി യുവാക്കളുടെ അവസരം കേന്ദ്രം നിഷേധിക്കുകയാണെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന ഭരണഘടനാസഭ അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു, സവര്‍ക്കറിനെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സവർക്കർ പറഞ്ഞതായി രാഹുൽ പറഞ്ഞു. മനുസ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവർക്കറിന്റെ വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. ബിജെപി അംഗങ്ങൾ പാർലമെന്റിൽ ഭരണഘടന ഉയർത്തി സംസാരിക്കുമ്പോൾ സവർക്കറെ അപമാനിക്കുകയാണെന്നും പരിഹാസരൂപേണ രാഹുൽ പറഞ്ഞു.
അദാനിക്കും സവർക്കർക്കുമെതിരെയുള്ള രാഹുലിന്റെ പരാമർശങ്ങളിൽ ഭരണപക്ഷം പ്രതിഷേധിച്ചു. രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. ഇതിനെതിരെ ഇടപെട്ട കെ.സി.വേണുഗോപാലിനോട് മര്യാദയ്ക്ക് സംസാരിക്കാൻ സ്പീക്കർ നിർദേശിച്ചു.
ഭരണഘടനയിൽ ഗാന്ധിയുടെയും അംബേദ്ക്കറുടെയും നെഹ്റുവിന്റെയും ആശയങ്ങളാണ്. രാജ്യത്തെ പിന്നിലേക്ക് കൊണ്ടുപോകാനാണ് ബിജെപി ശ്രമം. പുരാണത്തിൽ വിരൽ മുറിച്ച ഏകലവ്യന്റെ അവസ്ഥയിലാണ് ഇന്ത്യയിലെ യുവാക്കള്‍. ഏകലവ്യന്റെ വിരൽ മുറിച്ചതുപോലെ യുവാക്കളുടെ വിരലും മുറിക്കുകയാണ്. അദാനിക്ക് ധാരാവി പുനർനിർമാണ കരാർ നൽകുമ്പോൾ അവിടെയുള്ള ചെറുകിട കച്ചവടക്കാരുടെ വിരൽ മുറിക്കുകയാണ്. അദാനിയെ സഹായിക്കുന്നതിലൂടെ നല്ല രീതിയിൽ കച്ചവടം നടത്തുന്നവരുടെയെല്ലാം വിരൽ മുറിക്കുകയാണ്.
അഗ്നിവീർ പദ്ധതി നടപ്പിലാക്കിയതോടെ പട്ടാളത്തിൽ ചേരാനുള്ള സ്വപ്നവുമായി നടന്ന യുവാക്കളുടെ വിരൽ മുറിച്ചു. കൂലി ചോദിച്ച കർഷകരുടെ വിരൽ മുറിക്കുകയാണ്. സർക്കാർ ജോലികളിൽ പിൻവാതിൽ നിയമനം കൊണ്ടുവന്ന് യുവാക്കളുടെയും പിന്നാക്കവിഭാഗക്കാരുടെയും പാവപ്പെട്ടവരുടെയും വിരൽ മുറിക്കുകയാണ്. യുപിയിലെ ഹാഥ്റസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം വീട്ടിൽ ഇപ്പോഴും ബന്ദികളാണ്. പ്രതികൾ പുറത്ത് കറങ്ങി നടക്കുന്നു.