പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.
പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി പ്രോസിക്യൂഷനും, കുറ്റവിമുക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും സമര്‍പ്പിച്ച ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. താന്‍ നിരപരാധിയാണെന്നും തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുന്‍പരിചയമില്ലെന്നുമായിരുന്നു അമീറിന്റെ വാദം.
കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയില്‍ അപേക്ഷനല്‍കിയത്.
കേസില്‍ ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീടിന്റെ വാതില്‍ കട്ടിലയില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകള്‍ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി.
കൊലപാതകം, ബലാല്‍സംഗം,അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്.