Share this Article
image
വയനാട് – തമിഴ്നാട് അതിർത്തിയില്‍ കാട്ടാന ആക്രമണം; മലയാളി കർഷകൻ മരിച്ചു
വെബ് ടീം
posted on 26-09-2024
1 min read
ELEPHANT ATTACK

നീലഗിരി: വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി വി ടി കുഞ്ഞുമൊയ്തീനാണ് മരിച്ചത്.

പുലർച്ചെ വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷത്തിനിടെ നാലുപേരാണ് ഇവിടെ കാട്ടാനക്കലിക്ക് ഇരകളായിട്ടുള്ളത്. 

കോഴിക്കോട് ഊട്ടി അന്തർ സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധം നടത്തി. കുടുംബത്തിൽ ഒരാൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന അധികൃതരുടെ ഉറപ്പിലാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്തും എന്നും അധികൃതർ ഉറപ്പ് നൽകി.

കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നാർ പഞ്ചായത്തിൻ്റെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ രാവിലെ ജോലിക്കെത്തിയപ്പോഴായിരുന്നു ഇരുവരെയും കാട്ടാന ആക്രമിച്ചത്. അഴകമ്മയുടെ കാലിലെ പരിക്ക് ഗുരുതരമാണ്. അഴകമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ശേഖറിനെ കാട്ടാന ആക്രമിച്ചത്. കാട്ടാനയെ കണ്ട് ഭയന്നോടിയ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories